Wednesday, February 9, 2011

എന്‍റെ കുട്ടിക്കാലം...





എല്ലാവര്‍ക്കും എന്തെങ്കിലുമൊക്കെ പറയാന്‍ കാണും കുട്ടിക്കാലത്തെ കുറിച്ച്. അത്രയ്ക്കും സുന്ദരസുരഭില കാലം, ആ കാലം കടന്നു കഴിയുമ്പോഴാണ് ഈ തോന്നലുണ്ടാകുന്നതും.. എനിക്കും ആ തോന്നലുണ്ടായി, അതാണ്‌ ഇവിടെയെഴുതുന്നത്.

എന്‍റെ അപ്പൂപ്പന്‍ എനിക്കൊരു കുറവും വരുത്തിയിട്ടില്ല; ബന്ധുക്കളുടെ എണ്ണത്തിന്‍റെ കാര്യത്തില്‍. കാരണം, പുള്ളിക്കാരന് മക്കള്‍ പന്ത്രണ്ടാണേ, എന്‍റെ അമ്മൂമ്മ പന്ത്രണ്ടു മക്കളെ പെറ്റൊരമ്മയും... പന്തിരു കുലം പോലെ. അതില്‍ മൂന്നാമത്തെ ആളാണ്‌ എന്‍റെ അച്ഛന്‍. അങ്ങിനെ എനിക്ക് രണ്ടു വല്യച്ചന്‍മാരായി, പിന്നെ അഞ്ചു ചെറിയച്ചന്‍മാരും  ബാക്കി അമ്മായിമാരും. അപ്പൊ  സ്വാഭാവികമായൊരു ചോദ്യം, വല്യമ്മായിമാരില്ലേ? അതായത് എന്‍റെ അച്ഛന് ചേച്ചിമാരില്ലേ എന്ന്?  അതിലും അപ്പൂപ്പന്‍ കുറവ് വരുത്തിയിട്ടില്ല. സംഗതി ഫ്ലാഷ്ബാക്കാണ്, എന്‍റെ അപ്പൂപ്പന്‍റെ രണ്ടാമത്തെ ഭാര്യയാണ് എന്‍റെ അമ്മൂമ്മ; ആദ്യഭാര്യ മരിച്ചു പോയി. ആദ്യഭാര്യയില്‍ രണ്ടു പെണ്‍മക്കളുണ്ട്, അപ്പൊ വല്യമ്മായിമാരുടെ കുറവും തീര്‍ന്നു. 
 
തൃപ്പൂണിത്തുറയില്‍, തെക്കുംഭാഗത്ത്‌ സാമാന്യം വലിയൊരു വീട്, ഞങ്ങളുടെ തറവാട്...
 
അവിടെ വല്യച്ചന്മാരും വല്യമ്മമാരും, ചെറിയച്ചന്മാരും ചെറിയമ്മമാരും,  അവധിക്കാലത്ത്‌ വരുന്ന അമ്മാവന്മാരും  അമ്മായിമാരും, വല്യമ്മാവന്മാരും വല്യമ്മായിമാരും... പിന്നെ അവരുടെയൊക്കെ മക്കളും... ഏകദേശം ആറേക്കര്‍ വരുന്ന പറമ്പും അതിന്‍റെ  കിഴക്കുവശത്തും പടിഞ്ഞാറുവശത്തും  രണ്ടു പുരയിടങ്ങളും, പടിഞ്ഞാറുവശത്ത്‌ ഒരു സര്‍പ്പക്കാവും,  മൂന്ന് കുളവുംകിഴക്കേ കുളം, നടുവിലെ കുളം, പടിഞ്ഞാറെ കുളം  തെക്ക് വശത്തൂടെ  കുളങ്ങളെ തമ്മില്‍ ബന്ധിക്കുന്ന ഒരു നീളന്‍ തോടും, വേണ്ടുവോളം തെങ്ങും, കൌങ്ങും,  മാവും,  പ്ലാവും,  ആഞ്ഞിലിയും,  ചെറുതേക്കും, പാലയും,  കുടമ്പുളിയും, ഇല്ലിക്കാടും,  ചെടികളും, പൂക്കളും... പിന്നെ പറമ്പില്‍ അമ്മൂമ്മയുടെ മേല്‍നോട്ടത്തില്‍ പശുവും,  ആടും,  കോഴിയും, താറാവും വേറെയുമുണ്ട്...  പിന്നെ അങ്ങിനെ ആരുടെയും മേല്‍നോട്ടമില്ലാതെ തന്നെത്താനെ വളരുന്ന പട്ടി, പൂച്ച, കീരി, ഓന്ത്, അരണ, മരപ്പട്ടി, പെരുച്ചാഴി, ചുണ്ടനെലി, തൊരപ്പന്‍, ചേര, അണലി, കുളക്കോഴി, കൊറ്റി, ഉപ്പന്‍, മൈന, ഇരട്ടവാലന്‍, കരിയിലക്കാട, മഞ്ഞക്കിളി, പൊന്മാന്‍, കുഞ്ഞാറ്റക്കിളി, കാക്ക, പഴുതാര, തേള്, അട്ട, ഞാഞ്ഞൂല്, കട്ടുറുമ്പ്, ചോന്നുറുമ്പ്, പുളിയുറുമ്പ്... കഴിഞ്ഞില്ല അവിടവിടായി ചില  കുടികിടപ്പുകാരും. എല്ലാവരും കൂടിയുള്ള ഒരു  ജീവിതം അതായിരുന്നു എന്‍റെ കുട്ടിക്കാലം...
 
കുളത്തിലുള്ള കുളിയും, തോട്ടില്‍ നിന്നുള്ള മീന്‍പിടിത്തവും, വെയിലത്തും മഴയത്തും പറമ്പിലെ ഓടിക്കളിയും, കളിപ്പുരകെട്ടലും, ഏറുമാടം കെട്ടലും, ഊഞ്ഞാല് കെട്ടലും, പറമ്പിലെ മരങ്ങളില്‍ നിന്നും പറിച്ചു തിന്നുന്ന, വെള്ളചാമ്പക്ക, ചുവന്നചാമ്പക്ക, കുപ്പിചാമ്പക്ക, മാങ്ങ (മാങ്ങ തന്നെ പലതരം, മൂവാണ്ടന്‍, കോട്ട, പ്രിയൂര്, ചന്ദ്രകാരന്‍... അതങ്ങനെ), മധുരനാരങ്ങ, പുളി, നെല്ലിപ്പുളി, കുടംപുളി, ചെമ്മീന്‍പുളി, വടുകംപുളി, കശുമാങ്ങ, പേരക്ക, ചക്ക, ആഞ്ഞിലിച്ചക്ക, ആത്തച്ചക്ക പിന്നെ പ്രിയപ്പെട്ട മള്‍ബെറി, നാടന്‍ ചെറി,   മാടത്തപഴം, കീരിപ്പഴം,  പൊട്ടിക്കായ,  പഞ്ചാരപഴം,  കാച്ചില്,  കപ്പ,  മധുരക്കിഴങ്ങ്, കശുവണ്ടി, കശുവണ്ടി മുളച്ചത്... തിന്നാലും തിന്നാലും തീരില്ല... പിന്നേം തിന്നും... പിന്നേം...
 
(ഒരു പുഴയുടെ കുറവുണ്ട് തല്‍ക്കാലം ക്ഷമിക്കു, ഞങ്ങളുടെ നാട്ടില്‍ പുഴ ഇല്ലഞ്ഞിട്ടാ  പടിഞ്ഞാററ്റത്തു കായലാ അവിടെ ഇടയ്ക്കു പോയി കുളിക്കും, ന്താ പോരെ?)
 
വല്യച്ചന് പൂന്തോട്ടം  ഉണ്ടാക്കലാണിഷ്ടം, പട്ടാളക്കരനായിരുന്നു, സിംലയില്‍ നിന്നും, ഡറാഡൂണില്‍ ‍നിന്നുമൊക്കെ പലതരം ചെടികള്‍ കൊണ്ടുവന്നു നട്ടുനനയ്ക്കും... പലതരം പൂക്കള്‍...  തുമ്പികളും, ചിത്രശലഭങ്ങളും  പാറിനടക്കും... മുറ്റത്ത്‌ ഞങ്ങളും... 
അങ്ങനെയൊരു കുട്ടിക്കാലം...

പറഞ്ഞിട്ടും പറഞ്ഞിട്ടും മതിയായില്ല അതാ ഇങ്ങനെ എഴുതിയത്. ഇന്ന് ജോലിസ്ഥലത്തെ കറങ്ങുന്ന കസേരയില്‍ ചാരിയിരിക്കുമ്പോ, ഈ എഴുതിയത് ഞാന്‍ വെറുതെ വായിക്കും, അപ്പോഴാണ്‌ ആ ദൂരം മനസ്സിലാകുന്നത്‌. അന്ന് ചെരിപ്പിടാതെ മണ്ണിലോടിക്കളിക്കുമ്പോ കാലില്‍ മുള്ള് തറച്ചതിന്‍റെ വേദന, ഇന്നൊരു സുഖമാണ്...
 
കുട്ടിക്കാലത്ത് മണ്ണിനോടും പറമ്പിനോടും  മൃഗങ്ങളോടും മരങ്ങളോടുമെല്ലാം,  എന്തൊരടുപ്പമായിരുന്നു...  ഇന്ന്...